തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 എംഎല്‍എമാരായിരുന്നത് 93 ആയെന്നും 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫിന്റെ ജനകീയാടിത്തറയും ജനപിന്തുണയും വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ല. ആ ശക്തികള്‍ക്കെതിരേ മതനിരപേക്ഷ രാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്നതാണ് തിരഞ്ഞെടുപ്പില്‍ കാണുന്നത്. ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങള്‍. അവര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമുദായ നേതാക്കൻമാരുടെ തിരഞ്ഞെടുപ്പ് നിലപാടിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

"എല്ലാ ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞടുപ്പുമായി താരത്യം ചെയ്യുമ്പോഴും എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിപ്പിക്കാനായി. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനം തരുന്ന ഉറച്ച പിന്തുണയാണ്.
നമ്മുടെ സംസ്ഥാനത്ത് ഒരു വേര്‍തിരിവുകള്‍ക്കും സ്ഥാനമില്ലെന്ന്  തെളിഞ്ഞു. ജാതിമത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്കെതിരേ മതനിരപേക്ഷ രാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്നുവെന്നും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ മണ്ണില്‍ കാണില്ലെന്നും തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നു.  

പാല ആവര്‍ത്തിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത് . അത് തന്നെയാണ് സംഭവിച്ചത്. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്തെന്ന ദിശാ സൂചകമാവുകയാണ്. 2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ഡിഎഫിന് ആരെയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാനായത്. യുഡിഎഫ് ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോലും നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് വിജയിച്ചത്.

ബിജെപിയെയും അവരുടെ വര്‍ഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടിയൂര്‍കാവില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍കാവിലായാലും കോന്നിയിലായാലും സീറ്റുപിടിക്കും എന്ന് പറഞ്ഞ ബിജെപിക്ക് ത്രികോണ മത്സരം പോലും കാഴ്ചവെക്കാനായില്ല. 

ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നരവര്‍ഷം ആവുകയാണ്. സര്‍ക്കാരിന്റെ നവകേരള നിര്‍മ്മിതിക്കുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും കരുത്തും നല്‍കുന്നതാണ് ജനവിധി. യഥാര്‍ഥത്തില്‍ നമ്മുടെ സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമാകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. 

തിരഞ്ഞെടുപ്പ് പത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞ 600 ഇനങ്ങളില്‍ 560 ഓളം നടപ്പാക്കാനായി. 5വര്‍ഷം കൊണ്ട് നടപ്പാക്കേണ്ടത് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

അഖിലേന്ത്യാതലത്തില്‍ ഒറ്റകകഷി ഭരണമെന്ന ബിജെപി മോഹത്തെ തകര്‍ക്കുന്ന ജനവിധിയാണ് നേടിയത്". 

ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങള്‍.അവര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. തിരുവനന്തപുരത്ത് നേരത്തെ എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയവരല്ല പ്രശാന്തിന് വേണ്ടി പ്രവര്‍ത്തിച്ചത് പകരം യുവതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ മതനിരപേക്ഷയുടെ കരുത്താണ് തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും ആരെങ്കിലും വരച്ച വരയില്‍ നില്‍ക്കാന്‍ സമൂഹം തയ്യാറല്ലെന്നുമാണ് ഫലം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: CM Pinarayi Vijayan pressmeet after Kerala Byelection