തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങള്‍ അതിന്റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരിവിതരണം നേരത്തേ ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്കാവശ്യമുളള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.'  

കഴിഞ്ഞ തവണ നടപ്പാക്കിയ ചില പദ്ധതികള്‍ വീണ്ടും തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധി തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍ സുഭിക്ഷ കേരളം പദ്ധതി എത്രത്തോളം വിജയമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും കുറഞ്ഞ ചെലവില്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് ഈ രണ്ടാം ലോക്ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത്. കുടുംബശ്രീയുടെ പലിശ രഹിത വായ്പാ പദ്ധതിയും സഹായകമായി. ഇത്തരം ഇടപെടലുകള്‍ തുടരണമെന്നാണ് ഉദ്ദേശിക്കുന്നത്.

ലോക്ഡൗണ്‍ നീട്ടുന്നതിനാല്‍ ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്നാംഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാംതരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്. അവശ്യ സാധനക്കിറ്റ് 2021 ജൂണിലും വിതരണം ചെയ്യും. 

മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്.വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും.
സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ക്ഷേമനിധി സഹായം  ലഭിക്കാത്ത  ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. 

കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും.കുടുംബശ്രീയുടെ റീസര്‍ജന്‍റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും.കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി  ഇത് ബാധകമാകും. വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.