തിരുവനന്തപുരം: പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകള്‍ക്ക് രാത്രി 10 മണിവരെ പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹോം ഡെലിവറി നടത്താനുളള അനുവാദമാണ് നല്‍കിയിരിക്കുന്നത്. 

'മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാനകര്‍മങ്ങളുടെയും ഏറ്റവും ഉത്കൃഷ്മായ സന്ദേശമാണ് റമദാനും ഈദുല്‍ഫിത്തറും മുന്നോട്ട് വെക്കുന്നത്. മഹാമാരിക്ക് മുന്നില്‍ ലോകം മുട്ടുമടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധമാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാല്‍ കൂട്ടംചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെയാകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുളള വ്രതാനുഷ്ഠാനങ്ങളും പ്രാര്‍ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍. ഈ ദിനത്തിലും വീടുകളില്‍ ഇരുന്ന പ്രാര്‍ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അതുകൊണ്ട് ഈദ് ദിന പ്രാര്‍ഥന വീട്ടില്‍ നടത്തുന്നത് ഉള്‍പ്പടെയുളള സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുളള പ്രാര്‍ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം മുമ്പോട്ടുളള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്നും അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും മുഖ്യമന്ത്രി ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.

Content Highlights: CM Pinarayi Vijayan press meet