കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിന് പിറകിലുളള രഹസ്യം ഈ ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. 

'ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത് ബിജെപിയുമായുളള ഡീല്‍ ഉറപ്പിച്ചുവെന്നുളളതിന്റെ സ്ഥിരീകരണമാണ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ മൂന്നുസീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികളിടെ പത്രിക തളളിയതിന് പിന്നിലുളള രഹസ്യവും ഈ ഒത്തുകളിയാണ്. ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് മറയില്ലാതെയാണ്. ഞങ്ങള്‍ക്ക് ഒരു വര്‍ഗീയ ശക്തിയുടെയും സഹായം വേണ്ട തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍. വര്‍ഗീയതയോട് ഇടതുപക്ഷത്തിനും എല്‍ഡിഎഫിനും ഒരു സന്ധിയുമില്ല. നാല് വോട്ടിന് വേണ്ടി അത്തരം നിലപാട് എടുക്കാന്‍ കഴിയില്ല.' മുഖ്യമന്ത്രി പറഞ്ഞു. 

നാടിനെ ബിജെപിക്ക് അടിയറ വെക്കാനുളള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ബിജെപി പൗരത്വനിയമമുള്‍പ്പടെയുളള കാര്യങ്ങളുമായാണ് ഇറങ്ങിത്തിരിക്കുന്നത്. അസം തിരഞ്ഞെുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ സൂചിപ്പിച്ചത് പൗരത്വനിയമം നടപ്പാക്കും എന്നാണ് പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. ബംഗാളില്‍ ബിജെപി പറയുന്നത് ആദ്യനിയമസഭാ യോഗത്തില്‍ തന്നെ സിഎഎ നടപ്പാക്കാന്‍ തീരുമാനമെടുക്കുമെന്നാണ്. പൗരത്വ നിയമഭേദഗതിയുമായി അതിന്റെ ഭാഗമായ പൗരത്വ രജിസറ്ററുമായി മുന്നോട്ടുപോകുന്നമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിക്കുന്നത്.' 
 
കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ നേരത്തേ പ്രഖ്യാപിച്ചിട്ടുളളതാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്താണ് അത്തരമൊരു ഉറച്ച നിലപാട് എടുക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

'എല്ലാ പൗരന്മാരും സമന്മാരാണ്. പൗരന്മാരെ തരംതിരിക്കാനാണ് ആര്‍എസ് എസിന്റെ നീക്കം കേരളത്തില്‍ ചെലവാകില്ല. സിഎഎ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതമാണ്.മതം പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. അതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ഇളക്കം തട്ടിയാല്‍ മതനിരപേക്ഷതയും ജനാധിപത്യവും തകരും.' മുഖ്യമന്ത്രി പറഞ്ഞു. 

ഏപ്രില്‍ മാസം കിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല ഇടതുപക്ഷം വിഷമിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് അദ്ദേഹം ആരോപിച്ചു.ഏപ്രിലില്‍ വിഷു മാത്രമല്ല, ഈസ്റ്റര്‍ കൂടിയുണ്ട് അതുകൂടെ കണക്കാക്കിയാണ് കിറ്റ് നല്‍കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Content Highlights: CM Pinarayi Vijayan Press meet