തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ വഴി ഈ വര്‍ഷം 21 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനത്തെ ഗ്രാമീണമേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുളള കുടിവെള്ളം എത്തിക്കുന്നതിനായുളള ജലജീവന്‍ മിഷന്‍ വഴി ഈ വര്‍ഷം 21 ലക്ഷം കണക്ഷന്‍ നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 67,40,000 ഗ്രാമീണ വീടുകള്‍ ഉണ്ട്. ഇതില്‍ 18,30,000 വീടുകള്‍ക്ക് ശുദ്ധജല കണക്ഷനുണ്ട്. ബാക്കിയുളള 49,11,000 വീടുകളില്‍ 2024-ഓടുകൂടി കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ജലജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്. 

ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗ്രാമീണമേഖലയിലുള്ള എല്ലാ വീടുകള്‍ക്കുമായി ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയാണ്. പഞ്ചായത്ത് തലത്തിലാണ് പദ്ധതി നിര്‍വഹണം. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായിരിക്കും പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കേണ്ടത്. ലൈഫ് മിഷന്‍ മാതൃകയില്‍ എംഎല്‍എ ഫണ്ട് ഈ പദ്ധതിക്കായി ചെലവഴിക്കാന്‍ സാധിക്കും. 

പദ്ധതി നടപ്പാക്കാനും എല്ലാ ഗ്രാമങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ എന്ന വികസന ലക്ഷ്യം സാധ്യമാക്കാനുമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും മുന്നോട്ടുവരേണ്ടതാണ്. ഇന്നുവരെ 332 പഞ്ചായത്തുസമിതികളാണ് തിരുമാനമെടുത്തിട്ടുള്ളത്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കും

വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും ഷീലോഡ്ജുകള്‍ സ്ഥാപിക്കുക. 

ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയേയോ മറ്റേതെങ്കിലും ഏജന്‍സിയേയോ ഏല്‍പ്പിക്കും. ഷീ ലോഡ്ജുകള്‍ക്ക് ആവശ്യമായ കെട്ടിടം നിര്‍മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നിതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്താവുന്നതാണ്. ഷീ ലോഡ്ജുകളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജന്‍സികളും തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. 

ഷീ ലോഡ്ജുകളില്‍ കുറഞ്ഞത് എട്ടു കിടക്കകളെങ്കിലും ഉണ്ടാകണം. ശുചിമുറികള്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുളള അടക്കുളയും ശുദ്ധജലം, ടിവി, ഫ്രിഡ്ജ്, വൈഫൈ മുതലായ സൗകര്യങ്ങളും ഉണ്ടായിരിക്കണം. എല്ലാ സ്ഥലവും കവര്‍ ചെയ്യുന്ന സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ഷീ ലോഡ്ജിന്റെ നടത്തിപ്പിന് ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എവന്നിവരടങ്ങുന്ന സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Content Highlights:CM Pinarayi Vijayan Press meet over covid 19