തിരുവനന്തപുരം: നൂറ് ദിവസത്തിനുള്ളില്‍ കോളേജ് ഹയര്‍സെക്കന്‍ഡറി മേഖലകളിലായി ആയിരം തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50,000 പേര്‍ക്ക് കര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ് ദിനം നൂറ് പദ്ധതികള്‍ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. പിഎസ് സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമ, ധന, പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും. നിയമനം പിഎസ് സിയെ ഏല്‍പിച്ചാലും സ്‌പെഷ്യല്‍ റൂള്‍സിന്റെ അഭാവം മൂലം ഉദ്ദേശം പൂര്‍ത്തികരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുക എന്നത് ഉദ്യോഗാര്‍ഥികളുടെ ഏറെ നാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍സിന് അവസാനം രൂപം നല്‍കും.

നൂറ് ദിവസത്തിനുള്ളില്‍ കോളേജ് ഹയര്‍സെക്കന്‍ഡറി മേഖലകളിലായി ആയിരം തസ്തികകള്‍ സൃഷ്ടിക്കും. 100 ദിവസത്തിനുള്ളില്‍ 15000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നല്‍കും. പ്രാദേശിക സഹകരണ ബാങ്കുകള്‍, കുടുബശ്രീ, കെഎഫ്‌സി, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും പ്രധാന ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സിയും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും", മുഖ്യമന്ത്രി പറഞ്ഞു.

content highlights: CM Pinarayi Vijayan Press meet on new job posts, vaccancies