തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കീം പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.  ജൂണ്‍ 13, 14 തീയതികളില്‍ മൂന്ന്, അഞ്ച് വര്‍ഷ എല്‍എല്‍ബി പരീക്ഷയും ജൂണ്‍ 21ന് എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓണ്‍ലൈന്‍ മുഖേന നടത്തും. 

സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിനുതന്നെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോളിടെക്‌നിക്കിന് ശേഷം ലാറ്ററല്‍ എന്‍ട്രിവഴിയുള്ള എന്‍ജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം. പോളി ടെക്‌നിക്ക് വിദ്യാര്‍ഥികള്‍ക്ക് വീടിന് അടുത്തുള്ള പോളി ടെക്‌നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള അവസരം നല്‍കും. പോളി ടെക്‌നിക് കോളേജുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click

Content Highlights: CM Pinarayi Vijayan press meet on covid 19: keam 2020 exam on july 16, online classes in schools