തിരുവനന്തപുരം: രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രോഗവ്യാപനം രൂക്ഷമാക്കുകയാണ്. പ്രധാനപ്പെട്ട മുന്‍കരുതല്‍ ഡബിള്‍ മാസ്‌കിങ്ങാണ്. ഇപ്രകാരം ധരിക്കുന്നത് അണുബാധയേല്‍ക്കുന്നത് വലിയ തോതില്‍ തടയും. ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുക. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലങ്ങളില്‍ ഇരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക ഇതെല്ലാം രോഗവ്യാപനത്തെ ശക്തമാക്കും. 

ഒന്നാമത്തെ തരംഗത്തില്‍നിന്ന് വ്യതസ്തമായി രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത അടുത്ത സമ്പര്‍ക്കത്തില്‍ കൂടെയല്ലാതെയും രോഗം പകരുന്നു എന്നതാണ്. അതിന്റെ അര്‍ഥം രോഗാണു വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ ഒരു പാട് ദൂരം വായുവിലൂടെ സഞ്ചരിക്കുന്നു എന്നോ അല്ല. മറിച്ച് മുന്‍പ് കരുതിയിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഒരു മുറിയില്‍ മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഇരുന്നാല്‍തന്നെ പകരാന്‍ പ്രാപ്തമാണ്. ഇവയ്ക്കു മനുഷ്യകോശത്തിലേക്ക കടക്കാന്‍ കഴിവു കൂടുതലാണ്. - മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ദിവസം വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആഹ്ലാദപ്രകടനുമായി പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Content Highlights: CM Pinarayi Vijayan Press meet