ആലപ്പുഴ: സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ഇരട്ടിപ്പിക്കലിൽ കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേപമില്ല. ബിജെപിക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നല്‍കാന്‍ പോകുന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂരിപക്ഷ, ന്യൂനപക്ഷ മതരാഷ്ട്ര വാദത്തിന് എല്‍ഡിഎഫ് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കും. സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

തിരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് ക്ഷയിക്കുന്നു. പല നേതാക്കന്‍മാരും ബിജെപിയിലേക്ക് പോകുന്നു. കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റ് റോസക്കുട്ടിയും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു.  മഹിളാകോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി വന്നു. അതേ സമയത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലേക്ക്  സ്ത്രീജനങ്ങള്‍ ഒഴുകിയെത്തുന്നു.തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നത് പരസ്യമാണ്. 

സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കോവിഡ് വലിയ തോതിലുള്ള പ്രതിസന്ധിയാണ് ഉയര്‍ത്തിയത്.നമ്മുടെ സാമൂഹ്യ ജീവിതം പൊടുന്നനെ നിശ്ചലമായി.  അനിശ്ചിതമായ ഘട്ടത്തിലും ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കി. ജനങ്ങളുടെ സഹകരണം ഉണ്ടായി. രോഗവ്യാപനം വലിയ തോതില്‍ വരുന്നത് തടയാന്‍ കഴിഞ്ഞു.  ജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിഞ്ഞു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയ്യാറാക്കുകയും ആശുപത്രികളില്‍ ഐസിയു ഉള്‍പ്പെടെ എല്ലാം തയ്യാറാക്കി. കോവിഡ് ആശുപത്രികള്‍ ഒരുക്കാന്‍ കഴിഞ്ഞു. രോഗികളെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞു. ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ പോലെ രോഗികള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ലഭിക്കാത്ത അവസ്ഥ കേരളത്തിലുണ്ടായില്ല. ഇതുമൂലം കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. വികസിത രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന നിരക്കില്‍ കോവിഡ് മരണനിരക്ക് കേരളത്തില്‍ കുറഞ്ഞു. കേരളത്തില്‍ ചെയ്തതെന്തെന്ന് പഠിക്കാന്‍ മറ്റുള്ളവര്‍ വരുന്നു. ലോകം കേരളത്തെ മാതൃകയാക്കണമെന്ന് ലോക മാധ്യമങ്ങള്‍ പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

 

Content Highlight: CM Pinarayi Vijayan press meet