തിരുവനന്തപുരം: വി. മുരളീധരന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സഹമന്ത്രിതന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. മുരളീധരന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. 

'കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നത് കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്', മുഖ്യമന്ത്രി ചോദിച്ചു. 

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി മന്ത്രിക്ക് ബന്ധമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന്  ധനകാര്യ സഹമന്ത്രി പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് മുരളീധരന്‍ ആവര്‍ത്തിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. 

ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെ കുറിച്ച്  മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്നാണ് സഹമന്ത്രി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളില്‍ ഇകഴ്ത്താന്‍ ഇതൊന്നും സഹായകമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ യശസ്സിനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശം കേരളതലത്തിലുളള ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: CM Pinarayi Vijayan, Gold Smuggling Case