സാധാരണക്കാര്‍ക്കുവേണ്ടി 10 പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി


അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി 'അഴിമതിമുക്ത കേരളം' പരിപാടി നടപ്പാക്കും.

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കുവേണ്ടി പത്ത് പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയബന്ധിതമായി അവ നടപ്പാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെതന്നെ സേവനങ്ങള്‍ ലഭ്യമാക്കും

മക്കളോ ബന്ധുക്കളോ അടുത്തില്ലാത്ത വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് എത്താതെതന്നെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജനുവരി പത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങളാവും ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുക. മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫില്‍ നിന്നുള്ള സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കല്‍ എന്നിവയാവും ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍. ക്രമേണ അവര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഓണ്‍ലൈനായി അവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെ വീടുകളില്‍ പോയി അവരില്‍നിന്ന് അപേക്ഷ സ്വീകരിക്കും. തുടര്‍ നടപടി സ്വീകരിച്ചശേഷം അക്കാര്യം അധികാരികള്‍ അവരെ വിളിച്ചറിയിക്കും. ഇതിനായി സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും. 65 വയസില്‍ പ്രായമുള്ളവരും മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്നവരുമായ ഭിന്നശേഷിക്കാര്‍, കാഴ്ച, കേള്‍വി, ചലനശേഷി എന്നിവ ഇല്ലാത്തവര്‍ എന്നിവര്‍ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കണം. ഭവന സന്ദര്‍ശനം നടത്തി സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുകയും സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. ജനുവരി 15 ന് ആരംഭിക്കുന്ന പരിപാടിയുടെ ഏകോപന ചുമതല തദ്ദേശ സ്ഥാപന മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ആയിരിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ പരിഹരിക്കാന്‍ എമിന്‍സ് സ്‌കോളേഴ്‌സ് പദ്ധതി

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേന്മയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട്. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നു.

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി. ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും.

ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷം രൂപവീതം സ്‌കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

അഴിമതിമുക്ത കേരളം പരിപാടി

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി 'അഴിമതിമുക്ത കേരളം' പരിപാടി നടപ്പാക്കും.

അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്‌റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്‌റ്റ്വെയറില്‍ ശേഖരിച്ച് അതിന്റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ

കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നു. ഈ വിഷയം വിശകലനം ചെയ്ത വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ 1024 സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ എണ്ണം ഇരട്ടിയാക്കും. കൗണ്‍സലര്‍മാരുടെ സമയോചിതമായ ഇടപെടല്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന കുട്ടികളുടെ മാനസിക നില ശരിയായി നിലനിര്‍ത്തുന്നതിന് സഹായകരമാകും. കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മാസത്തില്‍ രണ്ടു തവണ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള കൗണ്‍സലിങ് സേവനവും ലഭ്യമാക്കും.

സ്‌കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കുട്ടികളുടെ കുടുംബസാഹചര്യം ഉള്‍പ്പെടെ മനസ്സിലാക്കി വേണ്ട ശ്രദ്ധയും പരിഗണനയും നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവിധ തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റ് പ്രകാരം ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സാധ്യമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനിടെ ഗുരുതരമായ നിയമപ്രശ്‌നങ്ങളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനമുണ്ടാക്കും. സ്ത്രീകള്‍ ഇതില്‍ പരാതി പറയാനായി ഓഫീസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

കുട്ടികളുടെ ആരോഗ്യസുരക്ഷ

ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. നാം പിന്നോക്കം നില്‍ക്കുന്നത് കുട്ടികളുടെ ഇടയിലെ അനീമിയ അഥവാ വിളര്‍ച്ച നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തിലാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നതിനെ കാര്യമായി പരിഗണിക്കാത്തത് അപകടകരമാണ്. അവരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും അതുവഴി ഓര്‍മ്മക്കുറവിലേക്കും പഠനകാര്യത്തിലെ പിന്നോക്കാവസ്ഥയിലേക്കും നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകാഹാര ലഭ്യതയില്ലായ്മമൂലം ഈ പ്രായക്കാര്‍ ചെന്നെത്തുന്നത് അനീമിയ പോലുള്ള രോഗത്തിലേക്കാണ്. അത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ 201920 പ്രകാരം സംസ്ഥാനത്തെ 39.4 ശതമാനം കുട്ടികള്‍ക്ക് അനീമിയ ഉണ്ട്. ദേശീയ ശരാശരി 60.2 ശതമാനമാണ്. അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും. അങ്കണവാടിയിലെ ജീവനക്കാര്‍ക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നല്‍കും.

കൗമാരപ്രായക്കാരില്‍ ഹീമോഗ്ലോബിന്‍ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പരിശോധന പൂര്‍ത്തിയാക്കും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും. കടുത്ത രീതിയില്‍ വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വനിത-ശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

പ്രകൃതിസൗഹൃദ ഭവന നിര്‍മാണം പ്രോത്സാഹിപ്പിക്കും

നമ്മുടെ നിര്‍മാണ ആവശ്യങ്ങള്‍ കൂടിവരുന്നതിനോടൊപ്പം പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വര്‍ധിക്കുകയാണ്. ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ജനങ്ങളുടെ നിര്‍മാണാവശ്യങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്. അതേസമയം പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം അനുവദിക്കാനാകാത്തതുമാണ്. പ്രകൃതിസൗഹൃദ നിര്‍മാണരീതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ലൈഫ് മിഷന്റെ ചില ഭവനസമുച്ചയങ്ങള്‍ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. എന്നാല്‍, പ്രീഫാബ് സാങ്കേതികവിദ്യ ഗാര്‍ഹിക നിര്‍മാണത്തിന് വിപുലമായി ഉപയോഗിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

പരിമിതികള്‍ക്കുള്ളിലും പരമ്പരാഗത നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. മരംമുറിക്കല്‍ ഒഴിവാക്കുക, നിലംനികത്തല്‍ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തുക എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം 'ഗ്രീന്‍ റിബേറ്റ്' അനുവദിക്കും.

ഇതിനായുള്ള മാനദണ്ഡങ്ങളും റിബേറ്റിന്റെ ശതമാനവും പരിസ്ഥിതി-ധനകാര്യ വകുപ്പുകളുമായി ആലോചിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2021 ജനുവരി മാസത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കൃത്യമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ അനുവദിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ഇന്‍സ്‌പെക്ഷനും ഉണ്ടാകുന്നതല്ല. എന്നാല്‍ അപേക്ഷകളുടെ റാന്റം സെലക്ഷന്‍ നടത്തി ഒരു ഉദ്യോഗസ്ഥ സമിതി പരിശോധന നടത്തും. രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയാല്‍ റിബേറ്റ് പിഴയോടുകൂടി തിരിച്ചടക്കേണ്ടിവരും.

ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍ പൊതുഇടങ്ങള്‍ ഉറപ്പാക്കും

പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഉള്ള പൊതുഇടങ്ങള്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കില്‍ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. ഘട്ടം ഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വയോജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങള്‍ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.

ഡിജിറ്റല്‍ മീഡിയ സാക്ഷരതാ പരിപാടി

മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കേരളത്തിലുണ്ട്. വാര്‍ത്താ അപ്‌ഡേറ്റുകള്‍ക്കായി കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയാണ്. പൗരന്‍മാരില്‍ വലിയ വിഭാഗത്തിന് വിവരം ലഭിക്കുന്നത് ഡിജിറ്റല്‍ മീഡിയയിലൂടെയാണ്. ഇത് നല്ല കാര്യമാണെങ്കിലും എഡിറ്റോറിയല്‍ മേല്‍നോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെ നുണകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപനത്തിനുള്ള സാധ്യതയും ഇതിലൂടെ വിപുലപ്പെട്ടു.

ഇന്റര്‍നെറ്റിനെയും സ്മാര്‍ട്ട്‌ഫോണിനെയും ആശ്രയിക്കുന്നതിന്റെ തോത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പൗരന്‍മാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലെത്തുന്ന സത്യവും അസത്യവും വേര്‍തിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനം.

'സത്യമേവ ജയതേ' എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാന്‍ സ്‌കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും.

1. എന്താണ് 'തെറ്റായ വിവരങ്ങള്‍'? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?

2. എന്തുകൊണ്ടാണ് അത് അതിവേഗത്തില്‍ വ്യാപിക്കുന്നത്?

3. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

4. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?

5. പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും 'സത്യമേവ ജയതേ'.

പ്രവാസി ക്ഷേമം

കോവിഡ് മഹാമാരിയുടെ ഗുരുതരമായ പ്രത്യാഘാതം വളരെയധികം അനുഭവിച്ചവരാണ് നമ്മുടെ പ്രവാസികള്‍. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികളില്‍ പലര്‍ക്കും അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.

Content Highlights: CM Pinarayi Vijayan Press Meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented