തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം അത്യന്തം അസ്വസ്ഥത കാട്ടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണ്. രാജ്യത്തെ അന്വേഷണ ഏന്‍സികള്‍ ഒന്നൊഴികെ ബാക്കിയെല്ലാം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു എന്ന അഭിപ്രായമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം പ്രതിപക്ഷത്തെയും അന്വേഷണ ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇഡി നിര്‍ബന്ധിക്കുന്നതായുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു മാധ്യമപ്രവര്‍ത്തരുടെ ചോദ്യം.
മുഖ്യമന്ത്രിയുടെ മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍
വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നാടും ജനങ്ങളും അനുകൂലമാണ്. എന്നാല്‍ ചിലര്‍ക്കതില്‍ പ്രയാസമുണ്ട്. ആ പ്രയാസം ഇത് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ് എന്നുള്ളതാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത് ? ഞങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അതിലൊന്നും ഞങ്ങള്‍ക്ക് യാതൊരു അങ്കലാപ്പും ഇല്ല. നാടിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് മൂലം സര്‍ക്കാരിന്റെ യശസുയര്‍ന്നാല്‍ തങ്ങള്‍ക്ക് ദ്വേഷമാണെന്ന് ചിന്തിക്കുന്നവരുണ്ട്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം മാത്രമല്ല അതിന്റെ ഉത്തരവാദികള്‍. ഭരണ നിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. എന്നാല്‍ ആ ഉദ്യോഗസ്ഥരുടെ ചുറ്റും രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് പറക്കുകയാണ്. ഇന്ത്യാ രാജ്യത്തിലെ ഒരു ഏജന്‍സിയൊഴികെ ബാക്കിയെല്ലാം ഇവിടെ ഉണ്ടെന്നാണ് തോന്നുന്നത്. ഉദ്യോഗസ്ഥരെ തൊഴിലില്‍ നിസംഗരാക്കുന്ന രീതിയില്‍ ഇടപെടുകയാണ് ഇവര്‍ ചെയ്യുന്നത്. എന്താണ് അതിന്റെ ഉദ്ദേശം.
ലൈഫ് പദ്ധതികൊണ്ട് ഗുണം ലഭിക്കുന്നത് പാവപ്പെട്ട, വീടില്ലാത്ത അനേക ലക്ഷങ്ങള്‍ക്കാണ്. എന്തിനാണ് അതിന്റെ മേക്കിട്ട് കേറാന്‍ വരുന്നത്. അതിന്റെ ചുമതലക്കാരനെ ഒന്നിന് പിറകെ ഒന്നായി വിളിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. എന്ത് കാര്യത്തിനാണ് ചോദ്യം ചെയ്യുന്നത്. അതിന്റെ പിന്നാലെ കെ ഫോണിനെപറ്റി അറിയണം. നാട്ടിലെ യുവാക്കള്‍ മുഴുവന്‍ കാത്തിരിക്കുകയാണ് കെ. ഫോണ്‍ പദ്ധതി നടപ്പിലാക്കാന്‍. കേരളത്തിലൊന്നാകെ സകല വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരുക്കികൊടുക്കുന്നു. ചിലര്‍ക്കത് പ്രയാസം ഉണ്ടാക്കും. ചിലര്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടാകും. ആ നിക്ഷിപ്ത താത്പര്യം എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കുണ്ടാകും. എന്താണ് അവര്‍ക്കുള്ള സംശയം. എവിടെയാണ് സംശയം. കിഫ്ബി നടപ്പാക്കുന്ന നിര്‍വ്വഹണ ഏജന്‍സികളെ കുറിച്ചല്ല കെ ഫോണ്‍ എന്നതിനോടാണ് വിജോയിപ്പ്. നിങ്ങള്‍ എന്തിനാണ് കെ ഫോണിന് പുറകെ പോകുന്നത് അതിന് വേറെ ആളില്ലേ ഇവിടെ. ആ താത്പര്യം കൊണ്ട് അവിടെ ഇരുന്നാല്‍ മതി ഇങ്ങോട്ട് വരേണ്ട. അത് മനസിലാക്കി കൊള്ളണം. രാജ്യത്തെ കുത്തക കമ്പനികളും സ്വകാര്യ ഏജന്‍സികളും ഉണ്ടല്ലോ അവര്‍ ചെയ്യുമല്ലോ എന്നാണ് ഞങ്ങളോട് പറയുന്നത്. അതേ നാണയത്തില്‍ തന്നെ തിരിച്ചു പറയുന്നു. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്തുകൊണ്ട് ഇങ്ങോട്ട് വരേണ്ട.
വികല മനസുകളുടെ താത്പര്യത്തിന് അനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ല. ഞങ്ങള്‍ക്ക് ഈ നാട് ഏല്‍പ്പിച്ചു തന്ന ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം 2016ല്‍ കേരളം എന്തായിരുന്നോ അവിടെ നിന്ന് പിറകോട്ട് കൊണ്ടുപോവുക എന്നുള്ളതല്ല. അവിടെനിന്ന് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ്. ആ ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിറവേറ്റുന്നത്. അതിനോട് രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരുണ്ടാകാം. അവരുടെ കൂടെയല്ല അന്വേഷണ ഏജന്‍സികള്‍ നില്‍ക്കേണ്ടത്. ശിവശങ്കര്‍ എന്ത് പറഞ്ഞു, മൊഴി എന്താണ് എന്നൊക്കെ എനിക്ക് പറയാന്‍ സാധിക്കില്ല. അത് വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷമെ പ്രതികരിക്കാനാകു.
Content Highlight: CM Pinarayi vijayan press meet