തിരുവനന്തപുരം: എം.ശിവശങ്കറിനെ സംരക്ഷിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരേയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. നിയമപരമായി അതിനെ തടയാനോ തടസ്സപ്പെടുത്താനോ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ പേരിൽ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനെതിരേ പുകമറ സൃഷ്ടിക്കാൻ നീക്കമുണ്ട്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതിൽ സർക്കാരിന് പങ്കില്ല. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടാണ് തുടക്കം മുതൽ സർക്കാർ എടുത്തിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ചീഫ് സെക്രട്ടറി തലത്തിൽ അന്വേഷണം നടന്നപ്പോഴാണ് അതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സർക്കാരുമായോ ഇപ്പോൾ ഒരു ബന്ധവുമില്ല. അതിനാൽ അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങുന്നതിൽ ഒരു തടസ്സവുമില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകി വരുന്നുണ്ട്. മൂന്ന് അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. ഇവരാരും ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നുളളതാണ് സംസ്ഥാന സർക്കാരിന്റെ താല്പര്യം. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന കളളക്കടത്തിന്റെ വേരുകൾ കണ്ടെത്താനാവണം. മുഴുവൻ കുററവാളികളെയും കോടതി മുമ്പാകം കൊണ്ടുവരണം. അതുകൊണ്ടാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.