തിരുവനന്തപുരം: ഒക്ടോബര്‍ 12 മുതല്‍ 20 വരെ  സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ കാണാതായി. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ വൈകുന്നു. ഇത് കാലാവസ്ഥ വിഭാഗം ബോധപൂര്‍വം ചെയ്യുന്നതാണെന്ന് കരുതുന്നില്ല. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് മലപ്പുറം തൃശൂര്‍ ജില്ലകളുടെ മലയോരത്ത് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയ്ക്കിടെ പരിക്കേറ്റവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ആവശ്യമായ സഹായം നല്‍കും. ദുരനിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം.

 ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ക്യാമ്പുകളിലെ പ്രായമായവരും രോഗികളുമായി മറ്റുള്ളവര്‍ ഇടപഴകാതിരിക്കണം. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.

ഉരുള്‍പൊട്ടലില്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നതായുള്ള ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം എന്തുകൊണ്ടാണെന്ന് അറിയില്ല.

 

Content Highlights: CM Pinarayi Vijayan press conference