തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. കേസ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. 

വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ട്. ശ്രീറാം ഓടിച്ച കാര്‍ അമിത വേഗത്തിലായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമാണ്. ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം വ്യക്തമായതിനാലും വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിനാലും കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ നിവേദനം സര്‍ക്കാര്‍ പരിഗണിക്കും. കേസന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. റോഡ് സുരക്ഷ വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് സത്വര നടപടികള്‍ സ്വീകരിക്കും. 

മാധ്യമ പ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് പരിരക്ഷ ഉറപ്പാക്കാനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷണത്തിലാണ്. കേസിനെ സംബന്ധിച്ച് ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല. റോഡ് നിയമങ്ങള്‍ അറിയാത്ത ആളല്ല ശ്രീറാം. കാര്യങ്ങള്‍ അറിയാവുന്ന ആള്‍ അത് ലംഘിക്കുമ്പോള്‍ അതിന് ഗൗരവം കൂടുകയാണ്. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും അത് സത്യമല്ലെന്ന് എല്ലാര്‍ക്കും വ്യക്തമാണ്. മദ്യപിക്കാത്ത ഒരാള്‍ എങ്ങനെയാണ് ഇത്ര വേഗതയില്‍ വാഹനം ഓടിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കാണാതിരിക്കാനുള്ള മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: CM Pinarayi Vijayan, Sreeram Venkitaraman, press conference