തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ ഇപ്പോഴെന്നല്ല നേരത്തെയും സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. 1996 ല്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. അന്ന് ഒരു എം.എല്‍.എ എന്റെ അടുത്ത് ഒരു കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ പണിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'-  മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി റിയാസിന്റെ നിലപാടിനെതിരെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് റിയാസിന് പിന്തുണയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു.

Content Highlights: Pinarayi Vijayan, PA Muhammed Riyas, CPIM