പ്രണയത്തിനും മയക്കുമരുന്നിനും പ്രത്യേക മതമില്ല, ബിഷപ്പിന്റെ പ്രസ്താവന അനാവശ്യം- മുഖ്യമന്ത്രി


പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിണറായി വിജയൻ|ഫോട്ടോ: രാഗേഷ് ഇ.വി| മാതൃഭൂമി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കി നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമം വ്യാമോഹമായി തന്നെ അവസാനിക്കും. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതപരിവര്‍ത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമായി നടത്തുന്നുണ്ട്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണ്. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് പാലാ ബിഷപ്പിന് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിര്‍ഭാഗ്യകരമായ പരമാര്‍ശമായിരുന്നു പാലാ ബിഷപ്പിന്റേത്. അതിനെ തുടര്‍ന്ന് നിര്‍ഭാഗ്യകരമായ വിവാദവും ഉണ്ടായി. ചിലര്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനൊന്നും ഏതെങ്കിലും മതമില്ല. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുണ്ടായി. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള മതസ്ഥരെ മതപരിവര്‍ത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. അപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്.

2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ
സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐഎസ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐഎസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും.

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണ്. സംസ്ഥാനത്തെ നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. 2020-ല്‍ രജിസ്റ്റർ ചെയ്ത നാർക്കോട്ടിക് കേസുകളില്‍ 49.8 ശതമാനം പ്രതികളും ഹിന്ദു മതത്തില്‍ പെട്ടവരും 34.47 ശതമാനം ഇസ്ലാം മതത്തില്‍ പെട്ടവരും 15.77 ശതമാനം ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. മറിച്ചുള്ള പ്രചാരണങ്ങള്‍ വിദ്വേഷത്തിന് വിത്തിടും.

വെള്ളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തും. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് ബിഷപ്പിന് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെത്. പ്രസ്താവന തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുന്നയിച്ച വ്യക്തി തിരുത്തുകയാണ് വേണ്ടത്. അതിന് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതില്ല.

Content Highlights: CM Pinarayi Vijayan on Narcotic Jihad Remark by Pala Bishop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented