തിരുവനന്തപുരം:   ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

അസന്‍ഡ് കേരള 2020ല്‍ 117 താല്‍പര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കു അടിസ്ഥാനമായ പ്രോത്സാഹനം നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.  ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ ഫിഷറീസ് നയം. നയങ്ങള്‍ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നല്‍കില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

കേരള ഷിപ്പിങ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 400 യാനങ്ങളും 5 മദര്‍ വെസ്സലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2നാണ് ഇഎംസിസിയുമായി ഒപ്പുവെക്കുന്നത്. ഇക്കാര്യം വകുപ്പിന്റെ ചുമതലയുള്ള  അഡീഷണല്‍ ചീഫ് സെക്രട്ടറിയേയോ സര്‍ക്കാരിനേയോ അറിയിച്ചിരുന്നില്ല. അസന്‍ഡ് കേരളയിലെ ധാരണാപത്രത്തെക്കുറിച്ചുള്ള പരാമര്‍ശം ഈ ധാരണാപത്രത്തിലുണ്ട്. സര്‍ക്കാരിനെ അറിയിക്കാതെ ഇത്തരത്തില്‍ KSINC എംഡി ഇഎംസിസിയമായി ഒപ്പുവെച്ച ധാരണാപത്രം സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. അഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ധാരണാപത്രം റദ്ദ് ചെയ്യാന്‍ നിര്‍ദേശം ല്‍കി. 

സര്‍ക്കാരിന്റെ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതാണ്. മറിച്ചുള്ള ഒരു ധാരണാപത്രവും സര്‍ക്കാരിന് ബാധകമല്ല. ധാരണാപത്രത്തില്‍ ഒപ്പുവെച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പ്രതിപക്ഷ നേതാവ് ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ പരസ്പര ധാരണയുടെ ഭാഗാമായാണ് ഇഎംസിസിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആരോപണമെന്ന് സംശയിക്കുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിക്കുന്ന സ്വീകര്യത പ്രതിപക്ഷത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.