തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും നെറികേടുകള്‍ നാട്ടില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായിട്ടാണ് ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് ചില കേന്ദ്രങ്ങള്‍ ഇറങ്ങിയത്. ഇത്തരമൊരു എംഒയു ഒപ്പിടുമ്പോള്‍ സാധാരണ നിലയില്‍ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യം അദ്ദേഹം  അറിഞ്ഞിട്ടേയില്ല, മുഖ്യമന്ത്രി പറഞ്ഞു

എന്തായിരുന്നു ഒപ്പിടാന്‍ ഇത്ര ധൃതി. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സര്‍ക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ നെറികേടൊന്നും നമ്മുടെ നാട്ടില്‍ ചെലവാകില്ല എന്ന് മനസ്സിലാക്കണമെന്നും കെഎസ്‌ഐഎന്‍സി എം.ഡി എന്‍ പ്രശാന്തിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

.ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാന്‍ സംസ്ഥാനത്തിന് ഒരു അവകാശവുമില്ല. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് വരാനുള്ള അനുമതി നല്‍കിയത്. അതാണ് കോണ്‍ഗ്രസിന്റെ നയം. അന്ന് അതിനെ എതിര്‍ക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് എതിരാണെന്ന് ഫിഷറീസ് നയത്തില്‍ നേരത്തേ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു കാര്യം സര്‍ക്കാര്‍ ആലോചിക്കുന്ന പ്രശ്‌നമേയില്ല. 

ഇത്തരമൊരു ആരോപണം പുറത്തുവന്ന ഉടനേ സര്‍ക്കാരിന്റെ നയത്തിനെതിരായി ഉണ്ടാക്കിയ രണ്ടു കരാറുകളും റദ്ദ് ചെയ്തു. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന് കരുതേണ്ട. അത് ചിലവാകില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംശുദ്ധി കൃത്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായേക്കാം. അത് എന്താണെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CM Pinarayi Vijayan on deep sea fishing allegation