തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടെന്നും എന്നാല്‍ മൂന്നാം തരംഗ സാധ്യത ഉള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും.അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സാര്‍വ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചര്‍ച്ച ഉയര്‍ന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക", മുഖ്യമന്ത്രി പറഞ്ഞു. 

 പ്രാഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

"വാക്‌സിനെടുത്താല്‍ ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരം ആളുകളും രോഗവാഹകരാവും. വാക്‌സിനെടുത്തവര്‍ക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാല്‍ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള സ്ഥിതി നോക്കിയാല്‍ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി കണക്കാക്കാം. എന്നാല്‍ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും.അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണിത്. ഈ ഘട്ടത്തെ നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന നേരത്തെ കണ്ടതാണ്. പ്രാഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണ്", മുഖ്യമന്ത്രി വ്യക്തമാക്കി.  

രണ്ടാമത്തെ തരംഗം പലകാര്യങ്ങള്‍ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. "രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം. വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണി ഉയര്‍ത്താം, ആരോഗ്യ സംവിധാനങ്ങള്‍ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ തയ്യാറെടുക്കണം, സാമൂഹിക ജാഗ്രത എത്തരത്തില്‍ പ്രായോഗിക വത്കരിക്കണം, എന്ന പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ ഈ അനുഭവങ്ങളെ വിശദമായ രീതിയില്‍ വിലയിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുക്കാനുള്ള നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്". ജനങ്ങളുടെ പിന്തുണകൊണ്ടാണ് രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ നാശം വിതച്ച തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചു നിര്‍ത്താനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരിച്ച ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഈ ജാഗ്രത കുറച്ചു നാള്‍ കൂടി ഇതേപോലെ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

content highlights: CM Pinarayi Vijayan On Covid Third wave possibility