മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെരിഞ്ചാകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. അടുത്തു നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യാന്‍ ആയിരക്കണക്കിന് പട്ടയങ്ങള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിനെ വിവാദമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം അങ്ങേയറ്റം ദുരുദ്ദേശപരമാണ്. നീലക്കുറിഞ്ഞിയുമായി ബന്ധപ്പെട്ടുവന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. നീലക്കുറിഞ്ഞി എന്നത് കേരളത്തിലെയും രാജ്യത്തെതന്നെയും വലിയ ദൃശ്യ വിരുന്നാണ്. അത് പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ്. അത് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ആ നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

അവിടെയുള്ള ജനങ്ങളുടെ ആശങ്ക സംബന്ധിച്ച് അവരുമായി സംസാരിക്കും. അവിടെ സര്‍വെ നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയു. ഇതിനായി റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ വനം വകുപ്പു മന്ത്രിയും വൈദ്യുത മന്ത്രിയും അടങ്ങുന്ന സംഘം മൂന്നാറിലെത്തും. അവരോട് ജനങ്ങള്‍ക്ക് ആശങ്കകള്‍ പങ്കുവെയ്ക്കാം. ജനങ്ങളുടെ കൂടെനിന്ന് ഇത്തരം കാര്യങ്ങള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിനോട് ജനങ്ങള്‍ സഹകരിക്കുമെന്നകാര്യത്തില്‍ ആശങ്കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.