തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളേയും നിയന്ത്രണങ്ങളേയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കണ്ടുവെന്നും ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രകൃതി ദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ നാടാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. 

സമരങ്ങളെ സര്‍ക്കാര്‍ നേരിടുക എന്നതിനേക്കാളുപരിയായി ഇത്തരം സമരങ്ങള്‍ നടത്തുന്നവര്‍ നാടിന്റെ അവസ്ഥയെ കണക്കിലെടുത്ത് ഒരു തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാകണമെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങളെ സര്‍ക്കാര്‍ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമരംചെയ്യാനുളള ആരുടെയും അവകാശത്തെ ആരും ചോദ്യംചെയ്യുന്നില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മഹാമാരി നമ്മളെ ആക്രമിക്കാന്‍ നില്‍ക്കുകയാണ്. സൗകര്യങ്ങളുളള, ആരോഗ്യ രംഗം മെച്ചപ്പെട്ട വികസിത രാഷ്ട്രങ്ങളില്‍ പോലും വ്യാപനം ഉണ്ടായപ്പോള്‍ സംഭവിച്ചത് നാം കണ്ടതാണ്. അവിടെ സംഭവിച്ചതിന്റെ ചെറിയൊരു ഭാഗം നമ്മുടെ നാട്ടില്‍ സംഭവിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് നാം ചിന്തിക്കണം. മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ നാട്ടില്‍ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല. സമരങ്ങളുടെ ഫലമായി നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നേക്കാം. അത് ഒഴിവാക്കലാണ് പ്രധാനം. നമ്മള്‍ സുനാമിയും പ്രളയവുമെല്ലാം നേരിട്ടവരാണ്. ആ ഘട്ടത്തിലെല്ലാം നമുക്ക് ഒന്നിച്ചുനിന്ന് അതിനെ നേരിടാന്‍ സാധിച്ചു.

സുനാമിയുടെ ഘട്ടത്തില്‍ പ്രതിപക്ഷത്തായിരുന്ന ഞങ്ങള്‍ ഒരു പ്രക്ഷോഭത്തിലായിരുന്നു. സുനാമി വന്നപ്പോള്‍ ആ പ്രക്ഷോഭങ്ങളാകെ നിര്‍ത്തിവെച്ചു. എല്ലാ രീതിയിലും അതുമായി സഹകരിക്കാന്‍ തയ്യാറായി. ഇതെല്ലാം മനുഷ്യ സ്നേഹപരമായി ചിന്തിക്കുന്ന ഏതൊരു പ്രസ്ഥാനവും സ്വീകരിക്കുന്ന നിലപാടാണ്. ഇതിന്റെ പ്രൊട്ടോക്കോള്‍ ഞങ്ങള്‍ക്ക് ബാധകമല്ല, ഞങ്ങള്‍ ലംഘിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നേതൃനിര തന്നെ സമരത്തിലേക്ക് വരിക എന്നുപറയുന്നതിന്റെ അര്‍ഥമെന്താണ്. എന്താണ് ഇവര്‍ ആഗ്രഹിക്കുന്ന നില, മുഖ്യമന്ത്രി ചോദിച്ചു. 

സൂപ്പര്‍സ്‌പ്രെഡ് വരികയാണെന്നും അടുത്ത ഘട്ടത്തിലേക്ക് പോയാല്‍ അപകടരമായ നിലയിലേക്ക് സംസ്ഥാനം പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Content Highlights:CM Pinarayi Vijayan media briefing over Covid 19