തിരുവനന്തപുരം: പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമാന്‍ഡോകളും മുതിര്‍ന്ന ഓഫീസര്‍മാരുമുള്‍പ്പടെ 500 പോലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ശനമായ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ പോലീസ് സ്വീകരിക്കുന്നുണ്ട്. കമാന്‍ഡോകളുടെ സേവനംപോലും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള പോലീസുകാരുടെ ചുമതലയായി മാത്രം ഇതിനെ കാണരുതെന്നും മതനേതാക്കള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ നിയന്ത്രണങ്ങളോട് നല്ല രീതിയില്‍ സഹകരിക്കണമെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ ലംഘിച്ചാൽ മുന്നറിയിപ്പുകൾക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനൽകി. രോഗവ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിരവധി മുൻകരുതലുകളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഫീൽഡ് നിരീക്ഷണം, ചെക്പോസ്റ്റ് നിരീക്ഷണം, റോഡ്-റെയിൽ നിരീക്ഷണം വിമാനത്താവളത്തിലെ നിരീക്ഷണം എന്നിവയെല്ലാം ശക്തിപ്പെടുത്തി. സെന്റിനെന്റൽ സർവയലൻസ് ഊർജിതപ്പെടുത്തുകയാണ്. ആന്റിജൻ പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നുണ്ട്. പ്രൈമറി കോൺടാക്ട്, സെക്കൻഡറി കോൺടാക്ട് ഇവ വേർതിരിച്ച് കോൺട്രാക്ട് ട്രേസിങ് വിപുലപ്പെടുത്തിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റീൻ ചെയ്യേണ്ടതായി വരും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പോലീസ് ഇടപെടുന്നുണ്ട്. കേസുകളുടെ ട്രെൻഡും ദൈംനംദിന റിപ്പോർട്ടുകളും വിലയിരുത്തിയാണ് നടപടിയെടുക്കുന്നത്. ആരോഗ്യം, പോലീസ്, മീഡിയ, ഫയർ ഫോഴ്‌സ്‌, റവന്യൂ, ഭക്ഷസുരക്ഷ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ടൂറിസം ഇവയുമായെല്ലാം ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പടെയുളള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധന വ്യാപിപ്പിച്ചു. അതിർത്തിക്കപ്പുറത്തുനിന്ന് ആശുപത്രികളിൽ പ്രത്യേക ഒ.പിയും ആവശ്യമെങ്കിൽ കിടത്തിചികിത്സിക്കാനുള്ള സൗകര്യവും തയ്യാറാക്കും.

രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റീനിലാക്കുന്നതിന്റെയും ഭാഗമായി വിവിധ ഭാഗങ്ങളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് വിപുലമായ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan media briefing over Covid 19