തിരുവനന്തപുരം: സാമൂഹികവ്യാപനം ഒരു തര്‍ക്ക വിഷയമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗസാധ്യതയുണ്ടാകുന്ന സാഹചര്യത്തില്‍ ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിലയിടങ്ങളില്‍ ഉണ്ടായിട്ടുള്ള സൂപ്പര്‍ സ്പ്രെഡ് സമൂഹവ്യാപനത്തിന്റെ ആദ്യപടിയായി കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നത്. അത് ഇനിയും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ടുവീതം കോവിഡ് ആശുപത്രികള്‍, കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ കോവിഡ് ആശുപത്രിയുമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ ഇവയെല്ലാം ഇപ്പോള്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന നഗരങ്ങള്‍ കോവിഡ് മഹാമാരിക്ക് മുമ്പില്‍ മുട്ടുമടക്കി

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം കോവിഡ് മഹാമാരിക്ക് മുമ്പില്‍ മുട്ടുമടക്കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തില്‍ പിടിച്ചുനിന്ന ബെംഗളുരുവിന് പോലും കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം 1373 കേസുകളാണ് ആ നഗരത്തില്‍ ഉണ്ടായത്. ഇതുവരെ 13,882 രോഗികളും 177 മരണങ്ങളും അവിടെ ഉണ്ടായിക്കഴിഞ്ഞു. ചെന്നൈയിലെ സ്ഥിതി അതിലും മോശമാണ്. കേരളത്തില്‍ രോഗബാധ ഉണ്ടായതിന് ശേഷമാണ് ഇവിടങ്ങളില്‍ ആദ്യത്തെ കേസ് ഉണ്ടായതെന്ന് ഓര്‍ക്കേണ്ടതുണ്ട്. 

ഈ നഗരങ്ങളില്‍ ആദ്യം ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ഒരു ക്ലസ്റ്റര്‍ രൂപംകൊള്ളുകയും അതില്‍നിന്ന് തുടര്‍ന്ന് മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ ഉണ്ടാവുകയും അങ്ങനെ സമൂഹ വ്യാപനത്തിലേക്ക് എത്തുകയുമാണ് ചെയ്തത്. സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പര്‍സ്‌പ്രെഡ്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കരുതുന്നതിലും വേഗത്തില്‍ രോഗം പടര്‍ന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലുളള ചെറിയ സംസ്ഥാനത്ത് ഇത് ഒട്ടാകെ വ്യാപിക്കാന്‍ അധികം കാലതാമസം വേണ്ടിവരില്ല. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് മനസ്സിലാക്കേണ്ട സമയമാണിത്. 

മാര്‍ച്ച് 24-ന് രാജ്യം ഒന്നടങ്കം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് രാജ്യത്ത് 519 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. അന്ന് മരണസംഖ്യ ഒമ്പതായിരുന്നു. എന്നാല്‍ ഇന്നത്തെ ദിവസം ആ കേസുകളുടെ എണ്ണം 7,93,802 ആയി മാറിയിരിക്കുന്നു. 21,604 ആളുകള്‍ മരിച്ചുകഴിഞ്ഞു. നാം എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് കണക്കുകള്‍. രോഗം അതിന്റെ ആസുരഭാവത്തോടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധം ഉയര്‍ത്താന്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Content Highlights: CM PInarayi Vijayan media briefing over Covid 19