-
തിരുവനന്തപുരം: നാടിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കിഫ്ബി പോലെയുള്ള ഒരു സ്ഥാപനത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നതിനോട് നാട് യോജിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരെ ഒരു സംഘപരിവാര്‍ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കുന്നു. കെപിസിസി ഭാരവാഹി കേസ് വാദിക്കാന്‍ എത്തുന്നു. നല്ല ഐക്യം. എന്തിനുവേണ്ടിയാണ് ഇതെല്ലാം ? - കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
കിഫ്ബി പദ്ധതികളൊന്നും തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന് എതിര്‍ക്കുന്നവര്‍ക്ക് പറയാന്‍ കഴിയുമോ. നാടിന്റെ ആവശ്യമാണെന്നകാര്യം കണക്കിലെടുത്താണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. മണ്ഡലത്തിലെ എംഎല്‍എ ആരാണെന്ന് നോക്കിയല്ല. നാട് ഏതെങ്കിലും തരത്തില്‍ നന്നാവുന്നതില്‍ അസ്വസ്ഥരാകുന്നത് വികസന വിരുദ്ധര്‍ മാത്രമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും തരത്തില്‍ തകര്‍ക്കണമെന്ന് ചിന്തിക്കുന്ന അത്യന്തം ഹീനമായ മനസ് ചുരുക്കം ചിലരില്‍ കാണുന്നു. നാടിന്റെ വികസനത്തിനു വേണ്ടിയാണ് കിഫ്ബിയെ വിപുലീകരിച്ചത്. അതില്‍ ഒരുതെറ്റും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അത്തരം പരാതികള്‍ നേരത്തെ ഉന്നയിച്ചവര്‍ അത് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിന് താങ്ങാനാവാത്ത വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ പുതിയ ധനസ്രോതസുകള്‍ കണ്ടെത്തേണ്ടിവരും. 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ 55,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി. പല പദ്ധതികളും പൂര്‍ത്തിയാക്കി. അതിനിടെയാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം. അത്തരം നീക്കങ്ങള്‍ക്ക് നിന്നുകൊടുക്കാനാവില്ല. നാടിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കങ്ങളെ തുരങ്കംവെക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് ? നമ്മുടെ കുട്ടികള്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളില്‍ പഠിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമല്ലേ ? നാടിനാകെ മാറ്റമുണ്ടാവുകയല്ലേ ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആകെ മാറുന്നത് ആരെയാണ് അസ്വസ്ഥരാക്കുന്നത്.
കോവിഡ് വ്യാപനം നല്ലരീതിയില്‍ തടുക്കാന്‍ കഴിഞ്ഞു. അതില്‍ ജനങ്ങളുടെ പങ്ക് പ്രധാനമാണ്. എന്നാല്‍ ആരോഗ്യ രംഗത്തിനും അതില്‍ പങ്കില്ലേ ? പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വന്നു. ഇനിയും സൗകര്യങ്ങള്‍ വന്നുകൊണ്ടിരിക്കും. വികലമായ മനസുള്ളവരെയാണ് ഇതെല്ലാം അസ്വസ്ഥരാക്കുന്നത്.
എറണാകുളം - തൃശ്ശൂര്‍, എറണാകുളം - കോഴിക്കോട്, കോഴിക്കോട് - കണ്ണൂര്‍ റൂട്ടുകളില്‍ യാത്രചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. യാത്രക്കിടെ ഓരോ സെക്ടറുകളിലും എത്ര മണിക്കൂറുകളാണ് നഷ്ടപ്പെടുന്നത്. റോഡുകള്‍ മെച്ചപ്പെട്ടാല്‍ ആര്‍ക്കാണ് നേട്ടം. റോഡുകള്‍ മെച്ചപ്പെടുത്തുന്നത് കിഫ്ബി പണം ഉപയോഗിച്ചല്ലേ ?
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മഹാസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാലമാണിത്. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് എല്ലാവര്ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമല്ലേ ? എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തുന്നതോടെ ഇന്റര്‍നെറ്റ് അവകാശമായി മാറുകയാണ്. അതിന് പാര പണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ ?
ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ച മലയോര ഹൈവേയും തീരദേശ ഹൈവേയും നാടിന് മാറ്റമുണ്ടാക്കിയില്ലേ ? കേരളത്തിലാകെ നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്നതില്‍ പ്രധാന പങ്കല്ലേ കിഫ്ബി വഹിച്ചത്. വ്യവസായ പാര്‍ക്കുകള്‍ വരുന്നു. വ്യവസായ രംഗത്ത് ചൈനന്യം ഉണ്ടാവുകയും പുതിയ പദ്ധതികള്‍ വരികയും ചെയ്യുന്നു. ഇതെല്ലാം നാടിന്റെ മാറ്റമല്ലേ ? വന്‍കിട പദ്ധതികള്‍ക്കും കിഫ്ബിയുടെ ധനസ്രോതസാണ് ഉപയോഗപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: CM Pinarayi Vijayan KIFBI press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..