കോഴിക്കോട്: സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ തട്ടിലും വികസന സ്പര്‍ശമേല്‍ക്കണം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാവാതിരിക്കരുത്. ഇതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും യോഗം നടത്തിയിരുന്നു.ഈ അവസരങ്ങളില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കി. ഓരോ വര്‍ഷവും ഇതുസംബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വിലയിരുത്താന്‍ ഇതു സഹായകമായി. പ്രകടന പത്രികയില്‍ പറഞ്ഞ 30 ഇനങ്ങള്‍ മാത്രമാണ് നടപ്പിലാക്കാന്‍ ശേഷിക്കുന്നത്. 570 കാര്യങ്ങള്‍ നടപ്പിലായി.
സര്‍വതല വികസനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നാലുമിഷനുകള്‍ മുന്നോട്ടുവച്ചത്. നാടിനെ മാലിന്യമുക്തമാക്കാനും നദികള്‍ പുനരുജ്ജീവിപ്പിക്കാനും നാട്ടുകാര്‍ തന്നെ മുന്നോട്ടുവന്നു. കാര്‍ഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി 2016 ല്‍ ഏഴുലക്ഷം ടണ്‍ പച്ചക്കറി ഉല്‍പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 15 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഓരോ വീട്ടുകാരും പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന സംസ്‌ക്കാരം വളര്‍ന്നുവന്നു. പാവങ്ങളില്‍ പാവങ്ങള്‍ക്ക് പോലും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിച്ചു. പശ്ചാത്തല മേഖലയിലും അക്കാദമിക് രംഗത്തും ഗുണനിലവാരമുയര്‍ന്നു.വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചു. അഞ്ചുലക്ഷത്തിലേറെ കുട്ടികളാണ് പുതുതായി സ്‌കൂളുകളിലെത്തിയത്. ആരോഗ്യരംഗത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരേ അഭിവൃദ്ധി പെട്ടു. കോവിഡിനു മുന്നില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ പോലും വിറങ്ങലിച്ചു നിന്നപ്പോള്‍ കേരളം മികച്ച രീതിയില്‍ നേരിട്ടു.
വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതെ മണ്ണടിഞ്ഞുപോകുന്ന അവസ്ഥയ്ക്ക് ലൈഫ് മിഷനിലൂടെ മാറ്റമുണ്ടാക്കാനായി. രണ്ടര ലക്ഷം വീടുകളാണ് പൂര്‍ത്തിയായത്. 10 ലക്ഷം ആളുകള്‍ക്ക് ഇതിലൂടെ സ്വന്തമായി പാര്‍പ്പിടമുണ്ടായി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനം കേരളത്തിലാണുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങള്‍ അനുവദിക്കില്ല. തീര്‍ത്തും അഴിമതി രഹിതമായ സംവിധാനമാണ് നിലവിലുള്ളത്.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ കേരളത്തിന് ഇതിനകം തന്നെ സ്വയം പര്യാപ്തമാകാന്‍ സാധിക്കുമായിരുന്നു. തരിശുരഹിത ജില്ല എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറുകയാണ്. തരിശായി കിടക്കുന്ന മുഴുവന്‍ പ്രദേശങ്ങളും കൃഷിക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, എളമരം കരിം എം.പി, എം.എല്‍.എ മാരായ സി.കെ നാണു, പി.ടി.എ റഹിം, ഇ.കെ വിജയന്‍, കെ. ദാസന്‍, വി.കെ.സി മമ്മദ് കോയ, കാരട്ട് റസാക്ക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി. എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതവും പി.മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Content Highlights:CM Pinarayi Vijayan Kerala Paryatanam at Kozhikode