Pinarayi Vijayan
തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാന്‍ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
''പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുള്ളത്.. ഒരു അംഗത്തിന് സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാന്‍ പറ്റില്ല. എന്താണ് അദ്ദേഹം (മാത്യു കുഴല്‍നാടന്‍ എംഎല്‍എ) അവതരിപ്പിച്ച കാര്യങ്ങള്‍. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ ? ഇങ്ങനെയാണോ സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാന്‍ പാടില്ല'' ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സഭയില്‍ ബഹളത്തിനിടയാക്കി. അതിനിടെ മന്ത്രി എം.ബി രാജേഷ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി.
രാഷ്ട്രീയം നോക്കി ലഹരിക്കടത്ത് കേസിലെ ഏതെങ്കിലും പ്രതികളെ രക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോപണ വിധേയനായ ഷാനവാസിന്റെ ലോറി ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍ ഷാനവാസിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടി ഷാനവാസിനെതിരെ നടപടിയെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ശക്തമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതാണ് ബഹളത്തിന് ഇടയാക്കിയത്. ഇതോടയാണ് മുഖ്യമന്ത്രിതന്നെ മറുപടിയുമായി രംഗത്തെത്തിയതും ക്ഷുഭിതനായി സംസാരിച്ചതും.
Content Highlights: CM Pinarayi Vijayan Kerala Assembly Mathew Kuzhalnadan Karunagappally drug case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..