കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎല്‍ വില്‍പനയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

കഴിഞ്ഞ നാലര വര്‍ഷങ്ങളായി വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നത്. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചുകൊണ്ടുമാണ് അത് സാധ്യമാക്കുന്നത്. ഈ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ്‌ ബിപിസിഎല്ലിന്റെ പ്രൊജക്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാസജ്ജമാണ്. സമഗ്രവും സമതലിതവുമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍നിന്ന് നാവിക വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. തുടര്‍ന്ന് കാറിലാണ് അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്രാളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വേദിയിലുണ്ടായിരുന്നു.