പിണറായി വിജയൻ | ഫോട്ടോ: ഇ.വി. രാഗേഷ്
കണ്ണൂര്‍: തിങ്കളാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. സംസ്ഥാനപാതയില്‍ കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.
കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിക്കും. ഇതിനു ശേഷം 12.30-ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുഖ്യമന്ത്രിയുടെ യാത്രാപാതയില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഏതു വഴിയിലൂടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പില്‍ എത്തുക എന്ന കാര്യം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 700-ഓളം പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്. നായരാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തലാണ് കരിമ്പത്ത് ഒരുക്കിയിരിക്കുന്ന ഉദ്ഘാടനവേദി. വേദിയും സദസ്സും തമ്മില്‍ അഞ്ചുമീറ്ററിലേറെ അകലത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡി.ഐ.ജി., കില ഡയറക്ടര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വേദിയും മറ്റ് ഒരുക്കങ്ങളും വിലയിരുത്തി.
നഗരവികസനത്തിന് ഏറെ മുതല്‍കൂട്ടാകുന്ന കേന്ദ്രമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. സോഷ്യല്‍ എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ഉന്നതപഠന, ഗവേഷണ, പരിശീലന, വിജ്ഞാന-വിനിമയ കേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരളയുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും കാമ്പസിനകത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. 12 കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുന്നത്. മൂന്നരക്കോടി രൂപയുടെ അനുമതി നേടിക്കഴിഞ്ഞു. ഐ.സി.എല്‍.എസ്. കേരളയ്ക്കും 12 കോടിയോളം രൂപയുടെ കെട്ടിടം ഉയരം. നാലേകാല്‍കോടി രൂപയാണ് ആദ്യ ഗഡുവായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തിനകം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
സ്വൈരജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല -യൂത്ത് ലീഗ്
തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടക്കുന്ന ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ ഭയന്ന് നടത്തുന്ന ഗതാഗതക്രമീകരണം ജനങ്ങള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വലിയ പ്രയാസമുണ്ടാക്കുന്നതായി മുസ്ലിം യൂത്ത് ലീഗ്. തളിപ്പറമ്പില്‍ റോഡുകള്‍ അടച്ചിടുന്നത് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളോട് കാണിക്കുന്ന ക്രൂരതയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ യൂത്ത് ലീഗിനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ എന്നിവര്‍ പറഞ്ഞു.
ബി.ജെ.പി. ബഹിഷ്കരിക്കും
തളിപ്പറമ്പ്: കരിമ്പം കില കാമ്പസില്‍ (ഇ.ടി.സി.) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രമേശന് ചെങ്ങുനി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..