ഗുരുവായൂര്‍: നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര്‍ എത്രത്തോളം പുറകോട്ട് പോയി എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരസ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാരം ലംഘിക്കാന്‍ പാടില്ല എന്ന് പറയുന്ന കൂട്ടര്‍ ഗുരുവായൂര്‍ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ച് നടന്ന സമരമായിരുന്നു. കേരളത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്ന സമരങ്ങളില്‍ അന്നത്തെ ദേശീയ പ്രസ്ഥാങ്ങള്‍ക്കും നേതാക്കള്‍ക്കും എതിര്‍ അഭിപ്രായം ഇല്ലായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് ആചാരം ലംഘിക്കണം എന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് എടുത്തത്. നവോത്ഥാന കാലഘട്ടത്തില്‍ എടുത്ത നിലപാടുകള്‍ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.
തെറ്റായ ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്നു വന്നത്. നമ്മുടെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളാണ് ആചാരം ലംഘിക്കാന്‍ ഉള്ളതാണ് എന്ന് നമ്മളെ പഠിപ്പിച്ചത്. ആചാരം ലംഘിച്ച് കൊണ്ടാണ് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയത്.
നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ നിരവധി അന്ധവിശ്വാസങ്ങളാല്‍ കുടുങ്ങിക്കിടന്ന ഒന്നായിരുന്നു. അവിടെ നിന്നാണ് നാം മുന്നോട്ട് വന്നത്. എന്നാല്‍ നമ്മുടെ നാട് മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടര്‍ പിന്നോട്ട് പോയി. വിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കേളപ്പന്‍ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാവര്‍ക്കും ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും പിണറായി പറഞ്ഞു.