മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സമൂഹത്തിലെ ചില ചെറ്റത്തരങ്ങള്‍ സ്വാധീനിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രതയുള്ളത് കൊണ്ടാണ് തങ്ങള്‍ക്ക് വലിയ കേടുപാടുകളില്ലാത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആകാശ് തില്ലങ്കേരി ഒന്നാം പ്രതിയായ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു.
ഏതെങ്കിലും ഗുണ്ടയെയോ ഗുണ്ടകളെയോ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. കേസുകളുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം കേരള പോലീസ് നടത്തി കൊണ്ടിരിക്കുമ്പോള്‍, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വന്നാല്‍ സാധാരണഗതിയില്‍ അത് അംഗീകരിക്കാനാകില്ല. കാരണം, നിഷ്പക്ഷമായി കൃത്യതയോടെ തന്നെ ഇവിടെ പോലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇങ്ങനെ നില്‍ക്കുമ്പോള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന ഒരു നിലപാട് വരുമ്പോള്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നല്ലനിലക്ക് ഇവിടുത്തെ നടപടികള്‍ പോലീസ് സ്വീകരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം. ഇത്തരം കേസുകളില്‍ പോലീസ് കണ്ടെത്തിയതിന് അപ്പുറം പിന്നീട് സിബിഐ വന്നതിന് ശേഷം ഉണ്ടായിട്ടുള്ള അനുഭവമുണ്ടോ..? അത് നമ്മള്‍ പരിശോധിക്കണമല്ലോ. സിബിഐ വരുമ്പോഴേക്കും പോലീസ് അന്വേഷണം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പോലീസ് അന്വേഷിച്ച തെളിവുകള്‍ ആധാരമാക്കി കൊണ്ട് തന്നെയാണ് പല കേസുകളിലും സിബിഐക്ക് അടക്കം നീങ്ങേണ്ടി വന്നിട്ടുള്ളത്. നിയമപരമായി നേരിടുമ്പോള്‍ അതിന് പറ്റിയ അഭിഭാഷകരെ ഏല്‍പ്പിക്കേണ്ടി വരും. അവര്‍ക്ക് ഫീസ് കൊടുക്കേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ല.അപ്പോള്‍ അവര്‍ക്ക് അവരുടേതായ ഫീസ് നല്‍കേണ്ടി വരും' മുഖ്യമന്ത്രി പറഞ്ഞു.
ജയിലിനുള്ളില്‍ നിന്നായാലും പുറത്ത് നിന്നായാലും നിയമവിരുദ്ധ പ്രവര്‍ത്തനം ആര് ചെയ്താലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നടത്തുന്നതിന് ഒരു തരത്തിലുള്ള ഇടനിലക്കാരുടേയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഭരണം ആകുമ്പോള്‍ സ്വാഭാവികമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അക്കാര്യത്തില്‍ ഞങ്ങള്‍ എപ്പോഴും ജാഗരൂകരാണ്. കാരണം നാം ജീവിക്കുന്ന സമൂഹം, ആ സമൂഹത്തിന്റേതായ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളെയും സ്വാധീനിക്കാനിടവരും. അക്കാര്യത്തില്‍ സ്ഥായിയായ നിലപാട് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ എപ്പോഴും ജാഗ്രത പാലിക്കുന്നവരാണ്. അത്‌കൊണ്ടാണ് വലിയ കേടുപാടുകള്‍ ഞങ്ങള്‍ക്ക് പറ്റാതിരിക്കുന്നത്. കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ഉപദേശത്തിന് നന്ദി' മുഖ്യമന്ത്രി പറഞ്ഞു.
പോലീസില്‍ എല്ലാ കാലത്തും ചില ക്രിമിനലുകളുണ്ട്. ഏതായാലും അത് അവസാനിപ്പിക്കുകയാണ്. ചിലര്‍ പുറത്തായി കഴിഞ്ഞു. ചിലര്‍ പുറത്താകാനിരിക്കുകയാണ്. അടുത്ത തള്ളിന് അവരും പുറത്താകും. ഒരു വിട്ടുവീഴ്ചയുമില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും അല്ലെങ്കില്‍ മറ്റേതെങ്കിലും എംഎല്‍എമാര്‍ തെറ്റ് ചെയ്തുവെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില തട്ടിപ്പുകള്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. അത് അംഗീകരിക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ സംഭാവന ചെയ്തവരില്‍ ഒരാളുടെ പ്രതികരണം കാണുകയുണ്ടായി. അത് ആരെങ്കിലും സുഖിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് തോന്നിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: cm pinarayi vijayan in assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..