
മുഖ്യമന്ത്രി പിണറായി വിജയൻ| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെതിരേ വാതിലടക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും. രാജ്യസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നില്ക്കുക എന്നതിലപ്പുറം മറ്റൊരു നിലപാടും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എടുത്തിട്ടില്ലെന്നും അവരുടെ നിലപാടിനെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് നേതൃത്വം ജോസ് വിഭാഗത്തെ നേരത്തെ തന്നെ പുറംതള്ളിയിരുന്നു. എന്നാല്‍ അവര്‍ പ്രത്യേക രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ രാജ്യസഭ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നില്ല എന്ന നിലപാടാണ് അവര്‍ എടുത്തത്. എല്ഡിഎഫിനെതിരേയുള്ള യുഡിഎഫ് ദുര്‍ബലമാകുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തിനാണ് ചിഹ്നവും പാര്‍ട്ടിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. മറുവിഭാഗത്തിന്റെ നേതാവ് പി.ജെ. ജോസഫ് നിയമപോരാട്ടത്തിന് പോകുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടം തുടരുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ വിധി എടുക്കുന്നതെന്നും ആ വിധിയനുസരിച്ച് ജോസിനാണ് പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെയും അവകാശം കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ ജോസ് പക്ഷം അല്ലെങ്കില്‍ ജോസ് നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ കൂടുതല്‍ ശക്തയാര്ജിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുല്ലപ്പള്ളിയുടേത് കലാപത്തിനുള്ള ആഹ്വാനം
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് വിവരങ്ങള്‍ ചോര്‍ത്തി നല്കാന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അങ്ങനെയാണങ്കിൽ അത് കലാപത്തിനുള്ള ആഹ്വാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CM Pinarayi Vijayan, Jose K Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..