തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.  

കോവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

content highlights: pinarayi Vijayan has not violated covid protocol- health minister