തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ജന്മദിന ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്മദിന ആശംസകള്‍' എന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കോവിഡ് സാഹചര്യവും പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും മൂലം ജന്മദിനത്തിന് ചടങ്ങുകളൊന്നുമുണ്ടാവില്ല. കോവിഡ് മഹാമാരിക്കുശേഷം സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുള്‍പ്പെടെ കാണാന്‍ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വസതിയില്‍ വിശ്രമത്തിലാണ് വി.എസ്. പക്ഷാഘാതമുണ്ടായതിനാല്‍ എഴുന്നേറ്റുനടക്കാന്‍ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങള്‍ വായിച്ചുകേള്‍ക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുള്‍പൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോള്‍ വേദനയോടെ അതിന്റെ വാര്‍ത്തകള്‍ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

Content Highlights:CM Pinarayi Vijayan greets VS Achuthanandan on Birthday