പിണറായി വിജയൻ, എംഎം മണിയെ അധിക്ഷേപിക്കുന്ന മഹിളാ കോൺഗ്രസ് മാർച്ച് | Photo: മാതൃഭൂമി
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ മുന്‍ മന്ത്രി എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി. വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തില് അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.
എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച നടപടിയില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും എംഎം മണിയെ വംശീയമായി അധിക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രംഗത്ത് വന്നിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ പിന്തുണച്ച് സുധാകരന് ചോദിച്ചത്.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യര്‍ക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയില്‍ ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്ക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..