തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നത് തടയാന്‍ വരുന്ന ഒരു ശക്തിക്കു മുന്നിലും വഴങ്ങില്ല.

'അധികാര ദുര്‍വിനിയോഗത്തിലൂടെ രാഷ്ട്രീയ അട്ടിമറി നടത്താമെന്ന വ്യാമോഹത്തിന് മുന്നില്‍ മുട്ടുമടക്കുന്നവരെ ബിജെപി നേതൃത്വവും കേന്ദ്ര അന്വേഷണ ഏജന്‍സികളും കണ്ടിട്ടുണ്ടാവാം. ഭയപ്പെടുത്തി വരുതിയിലാക്കിയ കുറേ കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ടാകാം. പക്ഷെ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്. ഇവിടെ അത്തരം വിരട്ടലുകള്‍കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല' - മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ അതിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനമന്ത്രി കേരളത്തില്‍വന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് മുന്‍കൈ എടുക്കുന്ന കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പ്രസംഗം ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന് മനസിലായതുകൊണ്ടാവാം തന്റെ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡിയെക്കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാനുള്ള ശ്രമം തുടങ്ങിയത്.

കേന്ദ്ര ധനമന്ത്രിയുടെ ഇംഗിതം നടപ്പാക്കുന്നതിന് ചില കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ അതിരുവിട്ട വ്യഗ്രതകാട്ടി. കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയുകയല്ല അവര്‍ ചെയ്തത്. സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമുണ്ടായി. ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമന്‍സ് അയച്ചുവെന്നും വാര്‍ത്ത പരന്നു. ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിന് മുമ്പേയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്. പ്രത്യേക അന്തരീക്ഷം രൂപപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.

മുമ്പും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഇത്തരത്തുലുള്ള നീക്കങ്ങളുണ്ടായതാണ്. അക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയുന്നതിനു മുമ്പേ വിളിച്ചുപറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തേയും തൃപ്തിപ്പെടുത്താനുള്ള നടപടികളല്ല കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനാ ചുമതല വഹിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥര്‍. അത്തരം ഉദ്യോഗസ്ഥരെ പാര്‍ലമെന്റ് പാസാക്കിയ നിയമം നല്‍കുന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിക്കാനാണ് ശ്രമം. രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഇഷ്ടമുള്ള മൊഴിനല്‍കാത്ത ഉദ്യോഗസ്ഥരെ അപമര്യാദയായി അഭിസംബോധന ചെയ്ത് ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നു. വേണ്ടിവന്നാല്‍ ശാരീരികമായിപ്പോലും ഉപദ്രവിക്കുമെന്ന ഭാവത്തോടെയാണ് പെരുമാറ്റം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കാന്‍ നാട്ടില്‍ നിയമമുണ്ടെന്ന് ഓര്‍ക്കണം. നിയമവാഴ്ച നിലവിലുള്ള നാടാണിത്, മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത്തരത്തിലുള്ള വെപ്രാളം? കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താത്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്ന പ്രതിപക്ഷമുള്ളപ്പോള്‍ ഇങ്ങനെയൊക്കെ ആകാമെന്ന ധൈര്യമാണോ? റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ധനമന്ത്രി വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights CM Pinarayi Vijayan Enforcement Directorate KIIFB