തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

രാജ്യത്ത് കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ചില സ്ഥലങ്ങളിലേക്ക് പോകാന്‍ രാഹുല്‍ മടി കാണിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയെ നേരിടാന്‍ മടി കാണിക്കുന്ന രാഹുലിന് എല്‍ഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനം. കോണ്‍ഗ്രസ് അതുകൊണ്ട് രക്ഷപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ രക്ഷപ്പെടുന്നത് ഇവിടെയുള്ള എല്‍ഡിഎഫിന്റെ ശക്തികൊണ്ടാണ്. ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫുണ്ട്. നാടിനും ജനങ്ങള്‍ക്കും അതറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: CM Pinarayi Vijayan criticized Rahul Gandhi