തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വാധീനമുണ്ടായിട്ടല്ല ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്ന തട്ടിപ്പ് നടത്തിയതെന്ന് മുഖ്യമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു അവര്‍. യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ് റെഡ്ക്രസന്റ്. അവര്‍ നേരിട്ട് നടത്തുന്ന പ്രവൃത്തിയില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ കേരള സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ സാധിക്കുക. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് നടത്തുന്ന കാര്യമാണ്. കോണ്‍സുലേറ്റുമായിട്ടായിരിക്കുമല്ലോ അവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരിക്കുക. അവരുടെ പണം കോണ്‍സുലേറ്റ് വഴി ചെലവഴിച്ചിട്ടുണ്ടെങ്കില്‍, തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കാനാവൂ.

അവര്‍ക്കുളള സ്വാധീനമല്ലേ ഇത് കാണിക്കുന്നത് എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് വേറെ വഴിക്ക് പോകാനാണ് താല്പര്യം അതുകൊണ്ടാണ് അത് വീണ്ടും വീണ്ടും ചോദിക്കുന്നതെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ തരിമ്പും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുററപ്പെടുത്തി. രാജ്യം മുഴുവന്‍ ചര്‍ച്ച നടത്തുന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സാധാരണ ചോദ്യങ്ങളല്ലേ ചോദിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവും മുഖ്യമന്ത്രിയെ  പ്രകോപിപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അന്വേഷണത്തിന്റെ ഭാഗമായി നടക്കട്ടേയെന്ന് വെക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പണിയല്ല എടുക്കേണ്ടത്, അന്വേഷണ ഏജന്‍സി നടത്തേണ്ട ജോലിയാണ്. അത് ഏതെങ്കിലും മാധ്യമം ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. ഇവിടെ ഒരു വസ്തുതയുമില്ലാത്ത ആളുകളെ കുററപ്പെടുത്തുന്ന നിലവന്നു. താന്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും അതെല്ലാം മാധ്യമ ധര്‍മത്തില്‍ പെട്ടതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Content Highlights: CM Pinarayi Vijayan criticises Media