തിരുവനന്തപുരം: രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. 

ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ട്. എന്നാല്‍, ആരുടെയും ആത്മാഹുതി ആഗ്രഹിക്കുന്നില്ല. വിശ്വാസമാണ് പ്രധാനം, കോണ്‍ഗ്രസും യുഡിഎഫും ഓര്‍ഡിനന്‍സ് വേണമെന്ന  പരിഹാസ്യമായ നിലപാടാണ് എടുക്കുന്നത്. അയോധ്യാ കേസില്‍ ഈ വാദം തിരിച്ചടിയുണ്ടാക്കും. 

കേരളം കൈവരിച്ച നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെയാണ് വനിതാ മതില്‍ സംഘടിപ്പിച്ചത്. ഒരുപാട് പ്രക്ഷോഭങ്ങളില്‍ സ്ത്രീകള്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. എന്നാല്‍, ഈ വനിതാ മതില്‍ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളത് ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി സ്ത്രീകളുടെ വന്‍ പങ്കാളിത്തമുണ്ടായി. സ്ത്രീകളുടെ സംഘടനാ പ്രവര്‍ത്തനത്തിലെ ഏറ്റവും മെച്ചപ്പെട്ട അനുഭവമായിരുന്നു അത്. വനിത മതിലിനെക്കുറിച്ചുള്ള പരാമര്‍ശം ആദ്യമുണ്ടായത് എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. കേരളം നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ്. അതിന്റെ ഭാഗമായി ജാതി ഭേദവും മതദ്വേഷവും ഒഴിവാക്കിയ സംസ്ഥാനം. എല്ലാവരും സോദര തുല്യേന വാഴുന്ന സംസ്ഥാനം.

ആ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനും നാടിനെ പിന്നോട്ടുകൊണ്ടുപോകാനുമുള്ള നീക്കങ്ങള്‍ നടക്കുന്നു. ദുഷിച്ചു നാറിയ 18-ാം നൂറ്റാണ്ടുകളിലെ പഴയ അനാചാരങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിനാലാണ് നവോത്ഥാനത്തില്‍ പങ്കുവഹിച്ച സംഘടനകളുടെ ഇന്നത്തെ പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തിയത്. 

ഈ ചര്‍ച്ചയിലാണ് വനിതാ മതിലെന്ന ആശയം ഉയര്‍ന്നത്.  ഇതിനെ സര്‍ക്കാര്‍ പിന്താങ്ങി. കേരളത്തിലേക്ക് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ഇതിലേക്ക് വന്നു. ഇതെല്ലാം വന്നപ്പോള്‍ വല്ലാത്ത അസഹിഷ്ണുതയാണ് ചിലര്‍ക്ക്. വനിതാ മതിലിന്റെ വിജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സംഘപരിവാര്‍ നാടിനെ അക്രമത്തിലേക്ക് തള്ളിയിട്ടത്. 

ശബരിമലയെ സംഘപരിവാര്‍  സംഘര്‍ഷഭൂമിയാക്കുന്നു. ശബരിമല ദര്‍ശനം നടത്തിയ രണ്ട് വനിതകളുടെ വിവരങ്ങള്‍ പുറത്തുവന്നു. അവരെ നൂലില്‍ കെട്ടി ഇറക്കിയതല്ല. സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ഇവര്‍ മനപ്പായസമുണ്ണുന്നു. ഇത്തരക്കാര്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്നു, കോണ്‍ഗ്രസ് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. ആരാധനയുടെ കാര്യത്തിലും തുല്യ അവകാശം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan Critcs BJP and Congress