Pinarayi Vijayan
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരാധനാലയത്തെ പ്രാര്‍ഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പള്ളി പൂര്‍ണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ആ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹി അന്ദേരിയ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയമാണ് അധികൃതര്‍ ഇടിച്ചുതകര്‍ത്തത്. ഛത്തര്‍പുര്‍ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിര്‍മിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ വലിയ പോലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച് പള്ളി പൊളിക്കുകയായിരുന്നു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് പ്രാര്‍ഥന നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം നൂറുകണക്കിന് വിശ്വാസികള്‍ മെഴുകുതിരി തെളിയിച്ച് പള്ളി തകര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. റോഡ് ഉപരോധവും നടന്നു.
Content Highlights: CM Pinarayi Vijayan condemn 13 year old Catholic church demolished in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..