തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐക്ക് ക്രൈംബ്രാഞ്ച് കൈമാറാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനാണ് പെരിയ കേസ് സിബിഐക്ക് വിടാതിരിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിലെ ആരോപണം. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്. ക്രിമിനലുകളെ വെള്ളപൂശാന്‍ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസ് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്, കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതുകൊണ്ടാണ് കേസില്‍ അപ്പീല്‍ പോയത്. സര്‍ക്കാരിന് അതിനുള്ള അവകാശമുണ്ട്. ഇക്കാര്യം സി.ബി.ഐ. തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.