തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചുള്ള പിണറായിയുടെ പരിഹാസം.

'അദ്ദേഹം നല്ല ടൂറിസ്റ്റാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ കടലില്‍ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്', മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി പരിഹസിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകുന്നില്ല. പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Content Highlights: CM Pinarayi Vijayan against Rahul Gandhi