മുഖ്യമന്ത്രി പിണറായി വിജയൻ (File image) | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനാദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറേയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസന യജ്ഞത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാപദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
നമ്മുടെ ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്റെ 73-ാം വാര്‍ഷികത്തിലും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഈ ദിനമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
ഇന്ന് രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെ നിര്‍ദ്ദേശക ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിര്‍പ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മചെയ്യാനും പിന്തിരിപ്പന് ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തര്‍ക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവല്‍ഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറല്‍ സങ്കല്‍പ്പം സാര്‍ഥകമാകാന്‍ കടമ്പകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മുഖമന്ത്രി പറഞ്ഞു.
Content Highlights: cm pinarayi vijayan against central government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..