കൊല്ലം: കേരളത്തില്‍ പ്രളയം ഉണ്ടാകാനിടയാക്കിയത് ഡാം മാനേജ്‌മെന്റിലെ പിഴവാണെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിഷയത്തില്‍ അന്തിമ വിധി കോടതിയാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമഴയ്ക്കു മുന്നേ ഡാമുകള്‍ തുറന്നില്ല എന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കോടതി തള്ളുകയോ കൊള്ളുകയോ ചെയ്യാം. കോടതിയുടെ നിരീക്ഷണമോ കമന്റു പോലുമോ അല്ല. എല്ലാ കക്ഷികളില്‍നിന്നും വിവരം ആരാഞ്ഞ ശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയവ അമിത മഴയാണ് വെള്ളപ്പെക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് യാഥാര്‍ഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ അന്തിമ വിധി പറയേണ്ടത് കോടതിയാണ് എന്ന യാഥാര്‍ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്.

ജില്ലാ സംസ്ഥാന തലങ്ങളില്‍ മഴക്കെടുതയിെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടന്നിരുന്നു. അമിക്കസ് ക്യൂറി വിമര്‍ശനമായി പറഞ്ഞ ഒരു കാര്യം ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്നാണ്. ഇത് വസ്തുതയല്ല. 

പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേയ്ക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. പ്രളയകാലത്ത് ഇടുക്കി ഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നിരുന്നു. പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്. 

അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ മഴയുടെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞു നിര്‍ത്തുകയാണുണ്ടായത്. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ കെടുതി എത്രയോ വലുതാകുമായിരുന്നു. ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് പ്രളയമുണ്ടാക്കിയതെന്ന വാദത്തിന്റെ പൊള്ളത്തരമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പ്രളയമുണ്ടാക്കിയത് അതിശക്തമായ മഴയാണെന്ന് വ്യക്തമാകും. നമ്മുടെ നദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വെള്ളമാണ് അമിത മഴയിലൂടെ ഉണ്ടായത്. അതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

Content Highlights: CM Pinarayi Vijayan, amicus curiae report, Kerala floods