കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകം; RSSനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നത്-പിണറായി


തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നും ആളെ അയച്ച് ആർ.എസ്.എസ്. ശാഖയ്ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്റുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർഥ കോൺഗ്രസ്സുകാർക്കുണ്ടെന്ന് മുഖ്യമന്ത്രി.

കെ.സുധാകരൻ, പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന്റെ ആർ.എസ്.എസ്.അനുഭാവ പ്രസംഗം കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെഹ്റുവിനെ ചാരി തന്റെ വർഗീയ മനസിനെ ന്യായീകരിക്കുകയാണ് കെ സുധാകരൻ. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്റുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ.എസ്.എസ്. പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. 'വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേത്' എന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ. ആർ.എസ്.എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർ.എസ്.എസ്. ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: 'ആർ.എസ്.എസ്. ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്' മറ്റൊരു കത്തിൽ, ആർ.എസ്.എസ്. ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ: 'ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം' എന്നാണ് നെഹ്‌റു എഴുതിയത്.

ആർട്ടിക്കിൾ 370നെ എതിർത്ത് 1953ൽ കശ്മീരിൽ പ്രവേശിക്കവേ ശ്യാമപ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്രവസ്തുത പോലും ഒരു സംസ്ഥാനത്തെ കോൺഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.

കോൺഗ്രസ്സിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർ.എസ്.എസ്. പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ്സ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമപ്രസാദ് മുഖർജിയെയും ഡോക്ടർ അംബേദ്കറേയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നും ആളെ അയച്ച് ആർ.എസ്.എസ്. ശാഖയ്ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്റുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർഥ കോൺഗ്രസ്സുകാർക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആർ.എസ്.എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്റുവാണ്. ആ നെഹ്‌റുവിനെ ആർ.എസ്.എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർ.എസ്.എസ്. മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസ്സിന്റെ നയം എന്ന് അവർ തന്നെ വ്യക്തമാക്കണം.

Content Highlights: cm pinarayi vijayan about k sudhakaran controversial statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented