തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നത്. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍ക്കും അവിടെ നിയമനം നടത്താന്‍ സാധിക്കില്ല. അവര്‍ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വര്‍ഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്.

എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്‌നമേയില്ല. പൂര്‍ണ്ണമായും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. 

ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്‌നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍ഡിഎഫും കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകള്‍ക്ക്  ഇതൊരു ആയുധം നല്‍കേണ്ട എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ആര്‍ക്കും നിയമനം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സര്‍ക്കാര്‍ നല്‍കും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.