മലപ്പുറം: ശബരിമലയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഓരോ ദിവസവും പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, അത് നടക്കില്ലെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

കേരളത്തില്‍ നവോധാനത്തിന് ശക്തമായ പിന്തുടര്‍ച്ചയുണ്ടായി. കേരളത്തിന്റെ പ്രത്യേകത തച്ചു തകര്‍ക്കാനാണ് ശ്രമം. വെളിച്ചം തല്ലിക്കെടുത്തി നമ്മെ അന്ധകാരത്തിലേക്ക് തള്ളിയിടാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ഗൗരവമായി കാണണം. പിണറായി വിജയനെ ചവിട്ടി കടലിലിടുമെന്ന് ബിജെപിയുടെ പ്രധാന നേതാവ് പരസ്യമായി പറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് അദ്ദേഹത്തിന്റെ കാലിന് ശക്തിപോരോ.

ഇപ്പോഴുള്ള കാലിന്റെ ശക്തിയുമായി വന്നാല്‍ ശരിയാവില്ല. തന്റെ ശരീരം ചവിട്ട് കൊള്ളാത്ത ശരീരമല്ല. ബൂട്‌സിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ ശരീരമാണ്. എന്നുവച്ച് ബിജെപിക്കാര്‍ക്ക് കയറി കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കേണ്ട. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍വച്ചാല്‍ മതി. ഒരു ഭീഷണിയും ഒരുകാലത്തും താന്‍ വകവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.