തിരുവനന്തപുരം: സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായി ഹോട്ടല്‍ അടുക്കളകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ഹോട്ടലുടമകളുടെ സംഘടനയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. എണ്ണൂറോളം ഹോട്ടലുകളുടെ അടുക്കളകള്‍ വിട്ടുനല്‍കാമെന്ന് പറഞ്ഞതും ഈ സാഹചര്യത്തിലും രണ്ട് ലക്ഷം മാസ്‌ക്കുകളും പത്തുലക്ഷം രൂപയുടെ സാനിറ്റൈസര്‍ നല്‍കാമെന്ന് പറഞ്ഞതും പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഹോട്ടലുടമകളുടെ സംഘടനയ്ക്ക് പുറമേ കേറ്ററിങ് സ്ഥാപനങ്ങളുടെ സംഘടനയും അടുക്കളകള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അവരെയും അഭിനന്ദിക്കുന്നു. 

ബ്രഡും ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ളവ ബേക്കറികളിലാണ് വില്‍ക്കുന്നത്. ഇവയെല്ലാം ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളാണ്. അതിനാല്‍ ബേക്കറികളെ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടുത്തിയതായും ബേക്കറില്‍ തുറന്നുപ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും കൊണ്ടുപോകുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Content Highlights: cm pinarayi vijayam appreciates hotels for providing kitchen facilities for community kitchens