തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത നടപടിയില്‍ വി ഫോര്‍ കൊച്ചിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിഘട്ടത്തിലൊന്നും കാണാത്ത ചിലര്‍ കുത്തിത്തിരിപ്പുമായെത്തിയെന്ന് വി ഫോര്‍ കൊച്ചിയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പലവിധത്തില്‍ പ്രത്യേകതയുള്ള ഒരു മേല്‍പ്പാലം സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും നാടിന് സമര്‍പ്പിക്കുമ്പോള്‍, അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടങ്ങളിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇവരുടെ ആത്മരോഷം ഉണര്‍ന്നതായി കണ്ടില്ല.

തൊട്ടടുത്ത് നിര്‍മിച്ച പാലത്തിന് അഴിമതിയുടെ ഭാഗമായി ബലക്കുറവുണ്ടായി എന്ന് പുറത്ത് വന്നപ്പോഴും ഇവരെ കാണാനായില്ല. എന്നാല്‍ മുടങ്ങി കിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെയുള്ള പ്രശസ്തി നേടുക എന്നതാണ് തന്ത്രം. കേവലം ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണ് ഇവര്‍. ജനാധിപത്യവാദികളാണ് ഇവരെന്ന് നടിക്കുന്നതിന്റെ കുബുദ്ധി നാടിന് മനസ്സിലാക്കാവുന്നതേയുളളൂ' മുഖ്യമന്ത്രി പറഞ്ഞു.

വി ഫോര്‍ കൊച്ചിയുടെ നടപടിയെ അനുകൂലിച്ച ജസ്റ്റിസ് കെമാല്‍ പാഷയേയും മുഖ്യമന്ത്രി പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. നീതി പീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.