തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കെ.സുധാകരന്റെ പ്രസ്താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ച് ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നത് മുതല്‍ അറിയാം. ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. തന്റെ അച്ഛനും സഹോദരനും ചെത്തുത്തൊഴിലെടുത്തവരാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബഹുജനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നവര്‍ സുതാര്യത പുലര്‍ത്തണം. ചിലര്‍ മറിച്ച് കാര്യങ്ങള്‍ നടത്താറുണ്ടെന്ന് നേരത്തേയും ആക്ഷേപം ഉയര്‍ന്നതാണ്. പരാതികളുയര്‍ന്നാല്‍ സര്‍ക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.

ഈ സര്‍ക്കാരിന്റെ കാലത്തെ പി.എസ്.സി നിയമനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് പിന്‍വാതില്‍ നിയമനമെന്ന ആരോപണത്തില്‍  മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഈ സര്‍ക്കാര്‍ ഡിസംബര്‍ വരെ 1,55,544 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കി. 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3,113 റാങ്ക് ലിസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 27000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചു. പരമാവധി തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷയോട് ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. വര്‍ഗീയതയോട് ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കേരളത്തിലെ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ വലിയൊരു ജനവിഭാഗവും മതനിരപേക്ഷയില്‍ വിശ്വസിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: cm pinarayi viajayan about k sudhakaran Controversial statement